20131115

സഭാപ്രവര്‍ത്തനങ്ങളില്‍ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക: ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌


കൂത്താട്ടുകുളം: സഭയുടെ ക്ഷേമ വികസന പ്രവര്‍ത്തനങ്ങളില്‍ സ്‌ത്രീപുരുഷന്മാരായ എല്ലാ സഭാംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ടെന്നു്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പിന്റെ അദ്ധ്യക്ഷനും കണ്ടനാടു്‌ ഈസ്റ്റ്‌ ഭദ്രാസനാധിപനുമായ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത പ്രസ്‌താവിച്ചു. മാനവ ശാക്തീകരണ വകുപ്പിന്റെയും സ്‌ത്രീ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി നടപ്പാക്കുന്ന പെണ്‍മയുടെ നന്മ എന്ന പഠന-ബോധന-കര്‍മപദ്ധതിയുടെയും ഭദ്രാസനതല ഉദ്‌ഘാടനം കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായ മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രത്തില്‍ നിര്‍വഹിച്ചു സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. ക്രിസ്‌തുശരീരമായ സഭയുടെ അംഗങ്ങളാണു്‌ അതിലെ അംഗങ്ങള്‍. അവയവങ്ങള്‍ യോജിച്ചും സഹകരിച്ചും പ്രവര്‍ത്തിയ്‌ക്കുമ്പോള്‍ ശരീരപ്രവര്‍ത്തനങ്ങള്‍ സുഗമമാകുന്നതുപോലെ സഭയിലെ സമസ്‌ത അംഗങ്ങളും കൂട്ടായി പ്രവര്‍ത്തിയ്‌ക്കുമ്പോള്‍ സഭാപ്രവര്‍ത്തനങ്ങള്‍ വിജയകരമാകുന്നു, അദ്ദേഹം വിശദീകരിച്ചു.

കണ്ടനാടു്‌ ഈസ്റ്റ്‌ ഭദ്രാസന സെക്രട്ടറി ഫാ. അബ്രാഹം കാരാമ്മേല്‍ അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന മാനവ ശാക്തീകരണ വകുപ്പിന്റെ സെക്രട്ടറി ഫാ ഷിബു കുര്യന്‍ സ്വാഗതം ആശംസിച്ചു. മലങ്കര സഭയുടെ മാനവ ശാക്തീകരണ വകുപ്പിന്റെ ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി എ ഫിലിപ്‌ മുഖ്യപ്രഭാഷണം നടത്തി. ജിജി ജോണ്‍സണ്‍ മാനവ ശാക്തീകരണ വകുപ്പിന്റെ ഭദ്രാസനതലത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. ഡോ.സെല്‍വി സേവ്യര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.

*************************

ഫോട്ടോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പിന്റെയും പെണ്‍മയുടെ നന്മ എന്ന കര്‍മപദ്ധതിയുടെയും കണ്ടനാടു്‌ ഈസ്റ്റ ഭദ്രാസനതല ഉദ്‌ഘാടനം കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായ മിസ്‌പാ മാര്‍ത്തോമ്മാ പൈതൃകകേന്ദ്രത്തില്‍ ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത നിര്‍വഹിക്കുന്നു. ഫാ ഏലിയാസ്‌ മണ്ണാത്തിക്കുളം ഫാ ജോര്‍ജ്‌ വേമ്പനാട്ട്‌, ഡോ. സെല്‍വി സേവ്യര്‍, ജിജി ജോണ്‍സണ്‍, ഫാ. പി എ ഫിലിപ്‌, മദര്‍ സുപ്പീരിയര്‍ ദീന (കിഴക്കമ്പലം ദയറ), ഫാ. അബ്രാഹം കാരാമ്മേല്‍, ഫാ ഷിബു കുര്യന്‍ എന്നിവര്‍ സമീപം.

20131010

മിസ്‌പായില്‍ ധ്യാനയോഗവും പ്രാര്‍ത്ഥനായോഗവും ആരംഭിയ്‌ക്കുന്നു; ആദ്യ ധ്യാനയോഗം ശനിയാഴ്‌ച

കൂത്താട്ടുകുളം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു്‌ ഈസ്‌റ്റ്‌ ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായ മാര്‍ത്തോമ്മന്‍ പൈതൃകകേന്ദ്രം മിസ്‌പായില്‍ എല്ലാമാസവും രണ്ടാം ശനിയാഴ്‌ച രാവിലെ ഏഴര മുതല്‍ 12മണിവരെ ധ്യാനയോഗവും മൂന്നാം ഞായറാഴ്‌ച വൈകുന്നേരം നാലുമണിമുതല്‍ ആറുമണിവരെ പ്രാര്‍ത്ഥനായോഗവും (വചനശുശ്രൂഷയും) നടത്തുവാന്‍ മിസ്‌പാ കാര്യവിചാര സമിതി യോഗം തീരുമാനിച്ചു. 1948 മുതല്‍ കരോട്ടുവീട്ടില്‍ ഫാ കെ ഒ തോമസ്‌ കൂത്താട്ടുകുളത്തു്‌ നടത്തിവന്ന ബൈബിള്‍ ക്ലാസ്‌ പുനരാരംഭിയ്‌ക്കാനും തീരുമാനമായി. ഈ ശനിയാഴ്‌ച നടത്തുന്ന ധ്യാനയോഗത്തിനു്‌ ഫാ കുര്യാച്ചന്‍ തൃശൂര്‍, ഫാ പൗലോസ്‌ പടവെട്ടില്‍ എന്നിവര്‍ നേതൃത്വം നല്‌കും. കണ്ടനാടു്‌ ഈസ്‌റ്റ്‌ ഭദ്രാസന സെക്രട്ടറിയും മിസ്‌പായുടെ വൈസ്‌ പ്രസിഡന്റുമായ ഫാ അബ്രാഹം കാരാമ്മേല്‍ അദ്ധ്യക്ഷത വഹിച്ചു. മിസ്‌പാ കണ്‍വീനര്‍ ഫാ മാത്യൂസ്‌ ചെമ്മനാപ്പാടം സ്വാഗതവും സി കെ ഏലിയാസ്‌ നന്ദിയും പറഞ്ഞു. ഫാ പൗലോസ്‌ സ്‌കറിയ, ജോസഫ്‌ ജോര്‍ജ്‌ കളത്തില്‍, ജെയിംസ്‌ അനിപ്രയില്‍, ജാന്‍സി അനിയന്‍കുഞ്ഞു്‌, വറുഗീസ്‌ വണ്ടമ്പ്ര പുത്തന്‍പുരയില്‍,വെള്ളാരംകുന്നേല്‍ ഗീവറുഗീസ്‌, എബി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

20130903

ഓര്‍ത്തഡോക്സ് സഭയുടെ കൂത്താട്ടുകുളം മേഖലാ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു


കൂത്താട്ടുകുളം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു്-ഈസ്റ്റ് ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായി മേനാമറ്റം റോഡരികില്‍ പണികഴിപ്പിച്ച മിസ്പ മന്ദിരത്തിന്റെ കൂദാശയും ഉദ്ഘാടനവും കണ്ടനാടു്-ഈസ്റ്റ് ഭദ്രാസന മേലദ്ധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഓഗസ്റ്റ് 30 വെള്ളിയാഴ്ച നിര്‍വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. അബ്രാഹം കാരാമേല്‍, മേഖലാ പ്രസിഡന്റ് ഫാ.മാത്യൂസ് ചെമ്മനാപ്പാടം , ഫാ എം റ്റി തോമസ് ആലുവ, ഫാ. ജോണ്‍ തളിയച്ചിറ കോര്‍ എപ്പിസ്കോപ്പ,ഫാ സ്‌കറിയ വട്ടക്കാട്ടില്‍, ഫാ ജോണ്‍ വി ജോണ്‍, ഫാ ജോയി കടുകംമാക്കില്‍, ഫാ ഏലിയാസ്‍ ചെറുകാടു്, ഫാ.ഷിബു കുര്യന്‍, ഫാ. ജോണ്‍സണ്‍ പുറ്റാനിയില്‍,ഫാ എഡ്വേര്‍ഡ്‌, ഫാ സൈമണ്‍,ഫാ ജോണ്‍മൂലാമറ്റം, ഫാ. പൌലോസ് പടവെട്ടില്‍, ഫാ. പൗലോസ് സ്കറിയ എന്നീ വൈദീകര്‍ സഹകാര്‍മീകരായിരുന്നു.

വൈകുന്നേരം ആറരയ്ക്കു് സന്ധ്യാനമസ്കാരത്തോടെ ആരംഭിച്ച ചടങ്ങില്‍ സഭാമാനേജിങ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും മേഖലയിലെ വിശ്വാസികളും പങ്കെടുത്തു.

രണ്ടുനിലയായി പണിയുന്ന മിസ്പ മന്ദിരത്തിന്റെ ആദ്യഘട്ടമാണു് പൂര്‍ത്തിയായതു്. കൂത്താട്ടുകുളം മേഖല ഓര്‍ത്തഡോക്സ് സഭാ കാര്യാലയം, എം ജി എം സണ്‍ഡേസ്കൂള്‍ , 1948 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന കൂത്താട്ടുകുളം ബൈബിള്‍ കണ്‍വെന്‍ഷന്‍ കാര്യാലയം, സെന്റ് തോമസ് സെന്റര്‍, മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം എന്നിവയാണു് മിസ്പയില്‍ പ്രവര്‍ത്തിയ്ക്കുന്നതു്.

20130829

മിസ്പ മന്ദിരത്തിന്റെ ഉദ്ഘാടനം


കൂത്താട്ടുകുളം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു്-ഈസ്റ്റ് ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായി മേനാമറ്റം റോഡില്‍ പണികഴിപ്പിച്ച മിസ്പ മന്ദിരത്തിന്റെ കൂദാശയും ഉദ്ഘാടനവും കണ്ടനാടു്-ഈസ്റ്റ് ഭദ്രാസന മേലദ്ധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഓഗസ്റ്റ് 30 വെള്ളിയാഴ്ച നിര്‍വഹിയ്ക്കും.

വൈകുന്നേരം ആറരയ്ക്കു് സന്ധ്യാനമസ്കാരത്തോടെ ആരംഭിയ്ക്കുന്ന ചടങ്ങില്‍ സഭയിലെ വൈദീകരും സഭാമാനേജിങ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും മേഖലയിലെ വിശ്വാസികളും പങ്കെടുക്കുമെന്നു് ഭദ്രാസന സെക്രട്ടറി ഫാ. അബ്രാഹം കാരാമേല്‍ അറിയിച്ചു. മേഖലാ പ്രസിഡന്റ് ഫാ.മാത്യൂസ് ചെമ്മനാപ്പാടം അദ്ധ്യക്ഷത വഹിയ്ക്കും.

20130318

മിസ്പ മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി


കൂത്താട്ടുകുളം, 2013 മാര്‍ച്ച് 18: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാടു്-ഈസ്റ്റ് ഭദ്രാസനത്തിന്റെ കൂത്താട്ടുകുളം മേഖലാ ആസ്ഥാനമായി പണിയുന്ന മിസ്പ മന്ദിരത്തിന്റെ ശിലാസ്ഥാപനം കണ്ടനാടു്-ഈസ്റ്റ് ഭദ്രാസന മേലദ്ധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

മേഖലാ പ്രസിഡന്റ് ഫാ.മാത്യൂസ് ചെമ്മനാപ്പാടം, ഭദ്രാസന സെക്രട്ടറി ഫാ. അബ്രാഹം കാരാമേല്‍, ഫാ ഏലിയാസ് മണ്ണാത്തിക്കുളം, ഫാ. ജോണ്‍ വി.ജോണ്‍, ഫാ. മേരിദാസ് സ്റ്റീഫന്‍, ഫാ. പൗലോസ് പടവെട്ടില്‍, ഫാ. പൗലോസ് സ്കറിയ എന്നിവര്‍ സഹകാര്‍മികരായി. സികെ ഏലിയാസ്, പ്രഫ. കെ റ്റി ജോയി, ജോസഫ് ജോര്‍ജ് കളത്തില്‍, റ്റി എ ബാബു തട്ടമ്പാറ, അവിരാച്ചന്‍ മറ്റത്തില്‍, ഗീവറുഗീസ് വെള്ളാരംകുന്നേല്‍, എബി ജോണ്‍ വന്‍നിലം തുടങ്ങിയവര്‍ പങ്കെടുത്തു.